Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Menstruation Cup

ഒ​രു ദി​വ​സം ര​ണ്ടു​പ്രാ​വ​ശ്യം മ​ണ്ട​നാ​യ​പ്പോ​ൾ...!

ഞാ​ൻ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​ണ്. അ​നി​യ​ത്തി അ​ഞ്ചാം ക്ലാ​സി​ലും. സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞാ​ൽ അ​നി​യ​ത്തി​യാ​യി​രു​ന്നു പ്ര​ധാ​ന സു​ഹൃ​ത്ത്. ഒ​രു​പ​ക്ഷേ ഏ​ക സു​ഹൃ​ത്ത്. അ​ക്കാ​ല​ത്താ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

എ​നി​ക്ക് ഒ​രു വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​പ്പോ​ൾ സ്ഥ​ലം​മാ​റ്റം വാ​ങ്ങി സ്വ​ന്തം ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് എ​ന്നെ​യു​മെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ​ത്തി​യ​തി​ന്‍റെ പ​ക​പ്പ് അ​പ്പോ​ഴും അ​ച്ഛ​നും അ​മ്മ​യ്ക്കും മാ​റി​യി​രു​ന്നി​ല്ല.

മു​ന്നി​ൽ റോ​ഡും ബാ​ക്കി വ​ശ​ങ്ങ​ളി​ൽ ന​ല്ല അ​യ​ൽ​വാ​സി​ക​ളു​മു​ള്ള വീ​ട്. ആ ​വീ​ടി​ന്‍റെ മ​തി​ലു​ക​ളി​ൽ എ​ന്‍റെ​യും അ​നി​യ​ത്തി​യു​ടെ​യും ന​ഗ​ര​ജീ​വി​ത​ത്തിന്‍റെ അ​തി​ർ​ത്തി​ക​ൾ അ​വ​സാ​നി​ച്ചി​രു​ന്നു. സ്കൂ​ളി​ൽ പ​ഠ​ന ജീ​വി​തം.

ഓ​ണ​ത്തി​നും മ​റ്റു​ത്സ​വ​ങ്ങ​ൾ​ക്കു​മാ​യി ചി​റ​യി​ൻ​കീ​ഴി​ലും ചി​ത​റ​യി​ലും പോ​കു​ന്ന നീ​ണ്ട ബ​സ് യാ​ത്ര​ക​ളാ​യി​രു​ന്നു പു​റ​ത്തെ സ​മൂ​ഹ​ത്തി​ലേ​യ്ക്കു​ള്ള വ​ലി​യ പാ​ല​ങ്ങ​ൾ. അ​വി​ട​ങ്ങ​ളി​ലെ ബ​ന്ധു​ക്ക​ളാ​യി​രു​ന്നു ലോ​കം. ന​ഗ​ര​ത്തി​ൽ ചെ​റി​യ വേ​രു​ക​ൾ ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ ഒ​രു അ​ണു​കു​ടും​ബം.

അ​നി​യ​ത്തി അ​ഞ്ചാം ക്ലാ​സി​ൽ. പ​ഠി​ക്കാ​ൻ മി​ടു​ക്കി. ക്ലാ​സ് ലീ​ഡ​ർ. മ​റ്റു കാ​ര്യ​ങ്ങ​ളി​ലും അ​തി​സ​മ​ർ​ത്ഥ. എ​നി​ക്ക് കൂ​ട്ട് ത​രാ​ൻ അ​വ​ളും ക്രി​ക്ക​റ്റ് പ​ഠി​ച്ചു. ഒ​രു മ​തി​ലി​ന്റെ മ​ഞ്ഞ പെ​യി​ന്‍റിൽ ചു​ടു​ക​ട്ട കൊ​ണ്ട് കോ​റി​യ മൂ​ന്ന് വ​ര​ക​ളാ​യി​രു​ന്നു വി​ക്ക​റ്റ്.

അ​തി​ലേ​യ്ക്ക് അ​വ​ൾ പ​ന്തെ​റി​യും. മു​ൻ​വ​ശ​ത്തെ മ​തി​ലി​ന് മു​ക​ളി​ലൂ​ടെ ഞാ​ൻ സി​ക്സ​ർ പാ​യി​ക്കു​മ്പോ​ൾ അ​വ​ൾ കെെയടി​ക്കും. എ​ന്‍റെ സി​ക്സ​റു​ക​ൾ​ക്ക് എ​ന്നും അ​വ​ൾ കെെയടി​ച്ചി​രു​ന്നു.

അ​ച്ഛ​ന്‍റെ അ​മ്മ, അ​ച്ചാ​മ​ച്ചി, ചി​റ​യി​ൻ​കീ​ഴി​ൽ നി​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ​മ​യം. ഒ​രു ഞാ​യ​റാ​ഴ്ച. അ​ന്ന് ഉ​ച്ച​യ്ക്ക് മു​മ്പാ​യി കൗ​സ​ല്യ ആ​ന്‍റി​യു​ടെ വീ​ട്ടി​ൽ പോ​കു​ന്ന സ​ന്തോ​ഷ​ത്താ​ലാ​ണ് ഞാ​നു​ണ​ർ​ന്ന​ത്.

വീ​ട്ടി​ൽ എ​ന്തോ സം​ഭ​വി​ക്കു​ന്നു. അ​ന്ത​രീ​ക്ഷം പെ​ട്ടെ​ന്ന് മാ​റു​ന്നു. അ​നി​യ​ത്തി​യെ ഒ​രു മു​റി​യി​ലേ​യ്ക്ക് മാ​റ്റു​ന്നു. പു​റ​ത്തു നി​ന്ന് ക​ത​ക​ട​യ്ക്കു​ന്നു. അ​മ്മ അ​ച്ഛ​നോ​ട് സ്വ​കാ​ര്യ​മാ​യി എ​ന്തൊ​ക്കെ​യോ പ​റ​യു​ന്നു.

എ​ന്നി​ട്ട് പോ​യി അ​ച്ചാ​മ​ച്ചി​യു​ടെ ചെ​വി​യി​ൽ ര​ഹ​സ്യം പ​റ​യു​ന്നു. ഉ​റ​പ്പാ​ണ്. എ​ന്തോ കു​ഴ​പ്പം സം​ഭ​വി​ച്ചി​രി​ക്കു​ന്നു. വീ​ടി​നു​ള്ളി​ൽ ഭ​യ​ത്തി​ന്റെ മ​ണം പ​ര​ക്കു​ന്നു. എ​നി​ക്ക് പേ​ടി​യാ​യി.

"അ​നി​യ​ത്തി​യ്ക്ക് എ​ന്തു​പ​റ്റി?' മാ​റി മാ​റി ഞാ​ൻ എ​ല്ലാ​വ​രോ​ടും ചോ​ദി​ച്ചു. എ​ന്റെ ചോ​ദ്യ​ങ്ങ​ൾ ആ​രും കേ​ട്ടി​ല്ല. സ​ങ്ക​ടം വ​ന്ന് ഞാ​ൻ ഉ​ച്ച​ത്തി​ൽ ക​ര​ഞ്ഞു​പോ​യി. അ​മ്മ വ​ന്ന് എ​ന്നെ ചു​റ്റി​പ്പി​ടി​ച്ചി​ട്ട് പ​റ​ഞ്ഞു അ​നി​യ​ത്തി​ക്ക് സു​ഖ​മി​ല്ലെ​ന്ന്.

എ​ന്ത​സു​ഖ​മാ​ണെ​ന്ന് ചോ​ദി​ച്ച് ഞാ​ൻ വീ​ണ്ടും ക​ര​ഞ്ഞ​പ്പോ​ൾ അ​മ്മ​യും അ​ച്ചാ​മ​ച്ചി​യും പ​ര​സ്പ​രം നോ​ക്കി. ഭ​യ​മു​ള്ള​പ്പോ​ഴും അ​വ​രെ​ന്താ ക​ര​യാ​ത്ത​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല.

അ​നി​യ​ത്തി​ക്ക് കാ​ൻ​സ​റാ​ണെ​ന്ന് ഞാ​ൻ ഉ​റ​പ്പി​ച്ചു. റോ​ഡി​ന് എ​തി​ർ വ​ശ​ത്തെ ക​മ​ല​യാ​ന്‍റി കാ​ൻ​സ​ർ വ​ന്ന് മ​രി​ച്ച​ത് ആ​യി​ട​യ്ക്കാ​യി​രു​ന്നു. എ​നി​ക്ക​റി​യാ​വു​ന്ന ഏ​റ്റ​വും വ​ലി​യ ആ ​രോ​ഗ​ത്തെ ഞാ​ൻ ശ​പി​ച്ചു.

അ​നി​യ​ത്തി​യെ കാ​ണ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ചി​ട്ടും എ​ന്നെ അ​നു​വ​ദി​ച്ചി​ല്ല. അ​ച്ചാ​മ​ച്ചി​യും അ​മ്മ​യും മാ​ത്രം ഇ​ട​യ്ക്കി​ടെ അ​വ​ളു​ടെ മു​റി​യി​ൽ ക​യ​റി.

വ​ലി​യ പെ​ട്ടി​യി​ൽ അ​ല​ക്കി വ​ച്ചി​രു​ന്ന ഒ​രു വെ​ള്ള​മു​ണ്ടെ​ടു​ത്ത് അ​മ്മ അ​വ​ളു​ടെ മു​റി​യി​ലേ​യ്ക്ക് പോ​യി. ഇ​ട​യ്ക്ക് കു​പ്പി​യി​ൽ ലോ​ഷ​നും കൊ​ണ്ടു പോ​യി. അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​മു​ണ്ട് പ​ല പ്രാ​വ​ശ്യം വ​ലി​ച്ചു​കീ​റു​ന്ന ശ​ബ്ദം ഞാ​ൻ കേ​ട്ടു.

ആ ​ശ​ബ്ദം എ​ന്‍റെ ഹൃ​ദ​യ​ത്തെ​യും കീ​റി. അ​വ​ളു​ടെ ശ​രീ​ര​ത്തി​ൽ എ​ന്തോ മു​റി​വു​ണ്ടെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി. മു​റി​വ് പെ​ട്ടെ​ന്ന് ഉ​ണ​ങ്ങ​ണേ​യെ​ന്ന് അ​ന്ന് പ​രി​ച​യു​ള്ള ദൈ​വ​ങ്ങ​ളോ​ട് പ്രാ​ർ​ഥി​ച്ചു.

പ്ര​ത്യേ​കി​ച്ച് പേ​ട്ട​യി​ലെ മു​ത്താ​ര​മ്മ​യോ​ട്. അ​സു​ഖ​ങ്ങ​ൾ വ​രു​മ്പോ​ൾ മു​ത്താ​ര​മ്മ​യോ​ടാ​യി​രു​ന്നു അ​മ്മ​യു​ടെ അ​പേ​ക്ഷ​ക​ൾ. അ​ച്ച​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ഡോ​ക്ട​ർ​മാ​രാ​ണ് മ​രു​ന്നെ​ഴു​തി അ​സു​ഖം മാ​റ്റി​യ​തെ​ങ്കി​ലും.

അ​ക്കാ​ല​ത്ത് വീ​ട്ടി​ൽ ഫോ​ണൊ​ന്നു​മി​ല്ല. ഞ​ങ്ങ​ളു​ടെ​യൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​മ്മാ​വ​നെ ചി​ല അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ലേ​യ്ക്ക് അ​മ്മ വി​ട്ടു. കൈ​യി​ൽ ചി​ല ക​ത്തു​ക​ളു​മാ​യി. അ​മ്മ​യു​ടെ ചേ​ച്ചി താ​മ​രാ​ക്ഷി​യാ​യി​രു​ന്നു പ്ര​ധാ​നി.

അ​വ​ർ വ​രു​മ്പോ​ൾ ഷെ​ർ​ളി ചേ​ച്ചി​യേ​യും ഷി​ബു​വി​നെ​യും കൊ​ണ്ടു വ​രു​മെ​ന്ന് ഞാ​ൻ ആ​ശി​ച്ചു. എ​ന്‍റെ സ​ങ്ക​ട​ങ്ങ​ളെ​ല്ലാം കേ​ൾ​ക്കു​ന്ന​ത് ഷെ​ർ​ളി​ച്ചേ​ച്ചി​യാ​യി​രു​ന്നു.

അ​മ്മ മ​റ്റൊ​രു എ​ഴു​ത്ത് എ​ഴു​തി എ​ന്നെ ഏ​ല്പി​ച്ചു. "ഇ​ന്ന് കൗ​സ​ല്യ ആ​ന്‍റി​യു​ടെ വീ​ട്ടി​ൽ ന​മ്മ​ൾ പോ​കു​ന്നി​ല്ല, മോ​ൻ പോ​യി ഈ ​ക​ത്ത് ആ​ന്റി​യെ എ​ല്പി​ച്ചാ​ൽ മ​തി.'

ആ​ന്‍റി ന​ഴ്സ് ആ​യി​രു​ന്നു. ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യം വ​ന്നാ​ൽ ഡോ​ക്ട​റു​മാ​കും. ഇ​ത്ര​യും വ​ലി​യ അ​സു​ഖ​മു​ണ്ടാ​യി​ട്ടും അ​നി​യ​ത്തി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ത്ത​തി​ന്‍റെ കാ​ര​ണം അ​പ്പോ​ഴും എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല. എ​ന്തൊ​രു ക്രൂ​ര​ത !

ഉ​ച്ച​യ്ക്ക് ഉ​ണ്ണാ​നാ​യി എ​ല്ലാ​വ​രെ​യും കാ​ത്തി​രു​ന്ന കൗ​സ​ല്യ ആ​ന്റി​ക്ക് എ​ന്നെ മാ​ത്ര​മാ​യി ക​ണ്ട​പ്പോ​ൾ ദേ​ഷ്യ​മാ​യി. ഞാ​ൻ ആ​ന്‍റിയെ ക​ത്ത് ഏ​ല്ലി​ച്ചു. അ​ത് വാ​യി​ച്ച​പ്പോ​ൾ ആ​ന്‍റി​ക്ക് കൂ​ടു​ത​ൽ ക​ലി​യാ​യി.

ആ​ന്‍റി ക​ത്ത് യ​ശോ​ധ​ര​ൻ അ​ങ്കി​ളി​നെ വാ​യി​ച്ചു കേ​ൾ​പ്പി​ച്ചു. "ചേ​ച്ചീ, പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വ​രാ​റു​ള്ള വ​യ​റ് വേ​ദ​ന മോ​ൾ​ക്ക് വ​ന്നു. അ​തി​നാ​ൽ ഞ​ങ്ങ​ൾ​ക്ക് വ​രാ​ൻ ക​ഴി​യി​ല്ല.'

അ​ച്ഛ​നോ​ടും അ​മ്മ​യോ​ടു​മു​ള്ള ദേ​ഷ്യം കാ​ര​ണം എ​നി​ക്കും ഭ​ക്ഷ​ണം ത​രാ​ൻ ആ​ന്‍റി മ​റ​ന്നു. ചി​ക്ക​ൻ ക​റി​യു​ടെ മ​ണം മൂ​ക്കു​ക​ളി​ലൂ​ടെ ഇ​ര​ച്ചു​ക​യ​റി കു​ട​ലി​നെ ആ​ക്ര​മി​ച്ചു. ആ​ന്‍റി​യു​ടെ മ​ക്ക​ൾ ബീ​ന​യും മി​നി​യും ദ​യ​നീ​യ​മാ​യി​എ​ന്നെ നോ​ക്കി നി​ന്നു. ഞാ​ൻ യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങി.

തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ കൗ​സ​ല്യ​യാ​ന്‍റി​യൊ​ക്കെ എ​വി​ടെ​യെ​ന്നാ​യി അ​മ്മ. ഒ​രു ചെ​റി​യ വ​യ​റു​വേ​ദ​ന​യു​ടെ ക​ള്ളം പ​റ​ഞ്ഞ് ആ​ന്‍റി​യെ പ​റ്റി​ച്ചെ​ന്ന ആ​രോ​പ​ണം ഞാ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. "മോ​ൻ ഒ​ന്നും പ​റ​ഞ്ഞി​ല്ലേ?" അ​മ്മ ചോ​ദി​ച്ചു.

"ഞാ​നെ​ന്ത് പ​റ​യാ​ൻ?" ഞാ​ൻ അ​മ്മ​യെ​യും അ​ച്ചാ​മ​ച്ചി​യെ​യും മാ​റി മാ​റി നോ​ക്കി. "മ​ണ്ട​ൻ'. അ​ച്ചാ​മ​ച്ചി​യു​ടെ ആ ​പ്ര​യോ​ഗം എ​ന്നെ ഇ​ളി​ഭ്യ​നാ​ക്കി. കാ​ര​ണം അ​റി​യി​ല്ലെ​ങ്കി​ലും.

അ​മ്മ അ​ടു​ത്ത ക​ത്തു​മാ​യി എ​ന്നെ വീ​ണ്ടും വി​ട്ടു. പൊ​തു​വേ സ​ത്യ​സ​ന്ധ​നാ​യ ഞാ​ൻ പ​ക്ഷേ ഇ​പ്രാ​വ​ശ്യം ആ ​ക​ത്ത് തു​റ​ന്നു വാ​യി​ച്ചു. "ചേ​ച്ചീ, മോ​ൾ​ക്ക് പ്യു​ബ​ർ​ട്ടി ആ​യി'. ഇ​തി​നി കാ​ൻ​സ​റി​നേ​ക്കാ​ൾ വ​ലി​യ രോ​ഗം എ​ന്തെ​ങ്കി​ലു​മാ​ണോ? എ​നി​ക്ക് വീ​ണ്ടും ക​ര​ച്ചി​ൽ വ​ന്നു.

കൗ​സ​ല്യ ആ​ന്‍റി ര​ണ്ടാ​മ​ത്തെ ക​ത്ത് പൊ​ട്ടി​ച്ചു വാ​യി​ച്ചു. എ​ന്നി​ട്ട് എ​ന്നെ തു​റി​ച്ചൊ​രു നോ​ട്ടം. "മ​ണ്ടാ, ഇ​താ​ണെ​ന്ന് ആ​ദ്യ​മേ പ​റ​ഞ്ഞു​ടാ​യി​രു​ന്നോ?'. എ​ന്തി​നാ​ണ് അ​വി​ടെ​യും മ​ണ്ട​നാ​യ​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല.

ആ​ന്‍റി​യു​ടെ മു​ഖ​ത്ത് ഒ​രു പു​ഞ്ചി​രി. എ​ന്നെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു പ്രാ​വ​ശ്യം അ​മ്മ​യും അ​ച്ചാ​മ​ച്ചി​യും പ​ര​സ്പ​രം നോ​ക്കി ചി​രി​ച്ച​തു​പോ​ലെ എ​നി​ക്ക് തോ​ന്നി​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് കാ​ൻ​സ​റോ അ​തി​ലും വ​ലി​യ രോ​ഗ​ങ്ങ​ളോ വ​രു​മ്പോ​ൾ മ​നു​ഷ്യ​ർ പു​ഞ്ചി​രി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല

"മോ​ന്‍റെ അ​നി​യ​ത്തി ഇ​ക്കാ​ര്യ​ത്തി​ലും ഫ​സ്റ്റ് ആ​ണ​ല്ലോ?' മ​ക​ൾ ബീ​ന​യെ നോ​ക്കി​ക്കൊ​ണ്ട് ആ​ന്‍റി പ​റ​ഞ്ഞു. ബീ​ന കാ​ര്യം മ​ന​സി​ലാ​കാ​തെ നി​ന്നു. അ​നി​യ​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​ള​രെ നേ​ര​ത്തേ​യാ​യി എ​ന്നാ​യി​രു​ന്നു ആ​ന്റി ഉ​ദ്ദേ​ശി​ച്ച​ത്. ആ ​ക​മ​ന്‍റി​ന്‍റെ അ​ർ​ഥം മ​ന​സി​ലാ​യ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​യി​രു​ന്നു. മെ​ഡി​സി​ന് പ​ഠി​ക്കു​മ്പോ​ൾ.

വാ​ല​റ്റം: ഈ ​സം​ഭ​വ​ത്തി​ന്‍റെ ക​ഥ​ക​ൾ ഇ​വി​ടെ തീ​രു​ന്നി​ല്ല. സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കേ​ൾ​ക്ക​ണ​മെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ബാ​ക്കി കൂ​ടി എ​ഴു​താം. ഇ​പ്പോ​ൾ ഈ ​വി​ഷ​യം എ​ഴു​തി​യ​തി​ന് കാ​ര​ണം ക​ഴി​ഞ്ഞ​യാ​ഴ്ച അ​ഡ്വ​. ജ​സ്റ്റി തോ​മ​സി​നെ (Adv Justy Thomas ) പ​രി​ച​യ​പ്പെ​ട്ട​താ​ണ്.

"M for Menstruation' കാ​മ്പ​യി​ൻ ന​യി​ക്കു​ന്ന പ്ര​ഗ​ത്ഭ​യാ​യ യു​വ അ​ഭി​ഭാ​ഷ​ക. ഞാ​നും എ​ന്‍റെ ടീ​മും ഈ ​കാ​മ്പ​യി​നി​ൽ അ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. കാ​മ്പ​യി​ൻ ലോ​ഗോ എ​ന്നെ​ക്കൊ​ണ്ടാ​ണ് പ്ര​കാ​ശ​നം ചെ​യ്യി​ച്ച​ത്.

പ്ര​ഗ​ത്ഭ​രാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന അ​ച്‌ഛ​നും അ​മ്മ​യ്ക്കും സ്വ​ന്തം വീ​ട്ടി​ൽ ഈ ​പ്ര​ധാ​ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത് എ​നി​ക്ക് പാ​ഠ​മാ​ണ്. അ​താ​ണ് ഈ ​വി​ഷ​യ​ത്തെ​പ്പ​റ്റി പ​റ​യാ​ൻ എ​നി​ക്ക് എ​ക്കാ​ല​വു​മു​ള്ള താ​ത്പ​ര്യം.

Latest News

Corehub Up